02:21am 20 November 2026
NEWS
അന്റാർട്ടിക്കയിലേക്കുള്ള 46-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിൽ വീണ്ടും അംഗമായി കുസാറ്റ് ശാസ്ത്രജ്ഞൻ റീജോയ് റെബേല്ലോ
19/11/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്റാർട്ടിക്കയിലേക്കുള്ള 46-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിൽ വീണ്ടും അംഗമായി കുസാറ്റ് ശാസ്ത്രജ്ഞൻ റീജോയ് റെബേല്ലോ
HIGHLIGHTS

Rejoy Rebello

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നൂതന അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിലെ (ACARR) പ്രോജക്ട് സയന്റിസ്റ്റ് റീജോയ് റെബേല്ലോ അന്റാർട്ടിക്കയിലേക്കുള്ള 46-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണ സംഘത്തിൽ വീണ്ടും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 37-ാമത് ഇന്ത്യൻ പോളാർ ഗവേഷണ പര്യവേഷണത്തിലും അദ്ദേഹം അംഗമായിരുന്നു.

നവംബർ 23-ന് ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ (NCPOR) റിപ്പോർട്ട് ചെയ്യുന്ന റീജോയ് റെബേല്ലോ, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വഴി ഡിസംബർ ആറിന് അന്റാർട്ടിക്കയിലെ മൈത്രി ഗവേഷണകേന്ദ്രത്തിലെത്തും.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ NCPOR ആണ് പര്യവേഷണം ഏകോപിപ്പിക്കുന്നത്. മൈത്രി ഗവേഷണകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള 'മൂവബിൾ അറ്റ്മോസ്ഫെറിക് റഡാർ ഫോർ അന്റാർട്ടിക്ക' (MARA) എന്ന വിൻഡ് പ്രൊഫൈലർ റഡാറിന്റെ കാലിബ്രേഷനും അറ്റകുറ്റപ്പണികളുമാണ് റീജോയ് റെബേല്ലോയുടെ പ്രധാന ചുമതല.

54.5 മെഗാഹെർട്സ് ആവൃത്തിയിൽ പ്രവർത്തിക്കുന്ന MARA റഡാർ, ഭൂമിയുടെ അന്തരീക്ഷത്തിലെ ട്രോപോസ്ഫിയർ മുതൽ മെസോസ്ഫിയർ വരെയുള്ള വിവിധ പാളികളിലെ കാറ്റിന്റെ ഗതി, പ്രക്ഷുബ്ധത, അന്തരീക്ഷ തരംഗങ്ങൾ, മറ്റ് അന്തരീക്ഷ സവിശേഷതകൾ എന്നിവ തുടർച്ചയായി അളക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ദൗത്യം പൂർത്തിയാക്കി 2027 ഫെബ്രുവരി 15-ന് പര്യവേഷണ സംഘം ഇന്ത്യയിൽ തിരിച്ചെത്തും.

കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പിലെ പ്രൊഫസർ ഡോ. ബിനു പോളിന്റെയും നൂതന അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷിന്റെയും മാർഗനിർദേശത്തിലാണ് റീജോയ് റെബേല്ലോയുടെ ഗവേഷണം പുരോഗമിക്കുന്നത്.

എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിയാണ് റീജോയ് റെബേല്ലോ. വൈപ്പിൻ സ്വദേശിനി എൽസി ഡിസ്റ്റിൽന റെഡ്രേഗസ് ആണ് ഭാര്യ. മക്കൾ: റൈഡൻ റെബേല്ലോ, റോവാൻ റെബേല്ലോ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img